വളരെ പണ്ടുമുതല്‍ക്കുതന്നെ കുറുമ്പ്രനാട്ടുതാലൂക്കിലെ
പ്രസിദ്ധമായ ഒരു ക്ഷേത്രമായിരുന്നു അരുമ്പയില്‍ പരദേവതാക്ഷേത്രം
ഇന്നത്തെ കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയ്ക്കടുത്ത്
ഉള്ളിയേരിയിലാണ് ഈ ആരാധനാലയത്തിന്റെ സ്ഥാനം.
ആചാരാനുഷ്ടാനങ്ങളുടെ പ്രത്യേകതകളും ഉത്സവങ്ങളുടെ സവിശേഷതകളും
ഈ ക്ഷേത്രത്തെ മറ്റു ഹൈന്ദവദേവാലയങ്ങളില്‍നിന്നും ഭിന്നമാക്കുന്നു.    
 ക്ഷേത്രവും കടത്തനാട്ടു നമ്പിയാരും 
ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്നാണ് അനുമാനം. എന്നാല്‍ പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്  ഈ ക്ഷേത്രം മുമ്പത്തേത്തിലും കാര്യക്ഷമമായി നടത്തിപ്പോന്നതെന്നാണ്  വിശ്വാസം. കടത്തനാട്ടുള്ള ഒരു നമ്പിയാരുമായി ഈ  ക്ഷേത്രത്തിനുള്ള ബന്ധം പറയപ്പെടുന്നത് ഇങ്ങനെയാണ്. വടകരക്കടുത്ത് കടത്തനാട്ടില്‍ നല്ല മെയ്യഭ്യാസിയും ദയാശീലനുമായിരുന്ന ഒരു കണ്ണന്‍ നമ്പിയാര്‍ ഉണ്ടായിരുന്നുവത്രേ. അങ്കംവെട്ടും കൃഷിയുമായി കഴിഞ്ഞുവന്ന അദ്ദേഹം ഒരു ദിവസം ഏതോ യാത്രക്കിടയില്‍ ഉള്ളിയേരിയിലെത്തിയപ്പോള്‍ സന്ധ്യാനേരമായി. അല്‍പ്പം വിശ്രമിക്കാനും സന്ധ്യാവന്ദനം നടത്താനും ഇടം കാണാതെ വിഷമിച്ചു  ഒടുവില്‍ തൊട്ടടുത്ത് കാണായ ഒരു വീട്ടില് (മൊകേരിയില്‍) കയറി. വീടിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നതു കണ്ടപ്പോള്‍ വാതിലില്‍ മുട്ടിവിളിച്ചു. അപ്പോള്‍ അകത്തുനിന്നും ഒരുസ്ത്രീ ശബ്ദം കേട്ടതല്ലാതെ ആരും വാതില്‍ തുറന്നില്ല. നമ്പിയാര്‍ക്ക്  കാര്യം മനസ്സിലായി. അവരുടെ ദാരിദ്ര്യം മനസ്സിലാക്കിയ അദ്ദേഹം തന്റെ രണ്ടാംമുണ്ട് മുന്നില്‍ കാണായ ചെറിയ കിളിവാതിലിലൂടെ അകത്തേക്കിട്ടുകൊടുത്തു. അകത്തുണ്ടായിരുന്ന വൃദ്ധയായ സ്ത്രീ ആ രണ്ടാംമുണ്ടും അരയില്‍ചുറ്റി പുറത്തെക്കുവന്ന്‍, കാര്യമന്വേഷിച്ചു. താന്‍ കടത്തനാട്ടുനിന്നും ഒരിടംവരെ പോകുകയാണെന്നും സമയം സന്ധ്യായതിനാല്‍ ഇനി യാത്ര ദുസ്സഹമെന്നും അറിയിച്ച നമ്പിയാര്‍ രാത്രി തല ചായ്ക്കുന്നതിനു അമ്മ തന്നെ അനുവദിക്കണമെന്നും അപേക്ഷിച്ചു. അന്ന് അവിടെ കഴിഞ്ഞ നമ്പിയാര്‍ പിറ്റേദിവസം കാലത്തേ എഴുന്നേറ്റു യാത്രതുടര്‍ന്നു. യാത്രയില്‍ ആ മാതൃതുല്യയായ സ്ത്രീയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കി. തെണ്ടക്ക് പോക്കും കൃഷിയുമായി കഴിഞ്ഞിരുന്ന നമ്പിയാര്‍ ആ മാതാവിന് ഒരു താങ്ങും തണലുമായിരുന്നു
.
നമ്പിയാര്‍ രാജാവിന്റെ പടനായകനായ കഥ 
ഇടയ്ക്കിടെ കടത്തനാട്ടില്‍ പോകുമായിരുന്ന നമ്പിയാര്‍ ഒരു ദിവസം നല്ലൊരു വാഴക്കന്നുമായിട്ടാണ് തിരിച്ചെത്തിയത്. അദ്ദേഹം അത് മൊകേരിയില്‍ നല്ലൊരു തടമെടുത്ത് നട്ടുവളര്‍ത്തി. വാഴ കുലച്ചപ്പോള്‍ കണ്ടവരെല്ലാം അത്ഭുതപ്പെട്ടുപോയി! കുല മൂത്ത് വന്നപ്പോഴേക്കും അസാധാരണ വലിപ്പമുള്ള ഒരു വാഴക്കുല!... കുലയുടെ സവിശേഷത ഉള്ളിയേരിയില്‍ മാത്രമല്ല, കുറുമ്പ്രനാട്ടിലെങ്ങും പാട്ടായി!കുറുമ്പ്രനാട് രാജാവിന്റെ കാതിലും ആ വൃത്താന്തം പറന്നെത്തി. പിന്നെ, താമസമുണ്ടായില്ല. ഒരുനാള്‍ നമ്പിയാര്‍ കടത്തനാട്ടിലേക്ക് പോയനേരംനോക്കി രാജഭൃത്യന്മാര്‍ മൊകേരിയിലെത്തി, വാഴക്കുല വെട്ടിയെടുത്ത് കോവിലകത്തെത്തിച്ചു. കുലയുടെ വലിപ്പം രാജാവിനെയും അത്ഭുതപ്പെടുത്തി. കുല പടിപ്പുരയില്‍ത്തന്നെ തൂക്കിയിടാനായി രാജാവ് കല്‍പ്പിച്ചു. കുലയുടെ വലിപ്പംകാരണം ആനപ്പുറത്ത് കയറിനിന്നാണ് തൂക്കിയത്‌. കണ്ണന്‍ നമ്പിയാര്‍ കടത്തനാട്ടുനിന്നും തിരിച്ചെത്തിയപ്പോള്‍ നിറകണ്ണുകളോടെ അമ്മ സംഭവം വിവരിച്ചു. ലാളിച്ചു നട്ടുവളര്‍ത്തിയ കുലരാജാവ് കൊണ്ടുപോയതരിഞ്ഞപ്പോള്‍ നമ്പിയാര്‍ ക്ഷുഭിതനായി. പിറ്റേന്ന് നേരംവെളുത്തപ്പോള്‍ എല്ലാ തയ്യാറെടുപ്പുകളോടുംകൂടി നമ്പിയാര്‍ കോവിലകത്തേക്കു പുറപ്പെട്ടു. മാളിക മുകളിലിരുന്ന രാജാവ് വളരെ അകലെനിന്നും നമ്പിയാര്‍ വരുന്നത് കണ്ടു. ആള്‍ സാധാരണക്കാരനല്ലെന്നു ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കിയ രാജാവ് കാവല്‍ക്കാരോട് അദ്ദേഹത്തെ തടയരുത് എന്ന് നിര്‍ദ്ദേശിച്ചു. പടിപ്പുരയില്‍ തൂക്കിയ ആ വലിയ കുലയും നോക്കിക്കൊണ്ടാണ് നമ്പിയാര്‍ പടികയറിയത്. തന്റെ അഭ്യാസപ്രകടനത്തിലൂടെ നിമിഷനേരംകൊണ്ട് നമ്പിയാര്‍ കുല അറുത്തെടുത്തു. രാജാവും പരിവാരങ്ങളും നോക്കിനില്‍ക്കേ നമ്പിയാര്‍ അട്ടഹസിച്ചുകൊണ്ട് കുലയുമായി ഉള്ളിയേരിയിലെക്ക് തിരിച്ചുപോയി. നമ്പിയാരെ പിണക്കുന്നത് ശരിയല്ലെന്നു മനസ്സിലാക്കിയ രാജാവ് കാര്യസ്ഥനെ പറഞ്ഞയച്ച് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. നമ്പിയാരെ രാജാവ് തന്റെ പടനായകനാക്കി നിയമിച്ചു. ഉള്ളിയേരി അംശത്ത് അരുമ്പയില്‍ ക്ഷേത്രപ്പറമ്പും അതിനോടുചേര്‍ന്ന് നാലുനാഴിക ചുറ്റളവിലുള്ള ഭൂപ്രദേശങ്ങളും ജന്മാവകാശം ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളോടുംകൂടി നമ്പിയാര്‍ക്ക് വിട്ടുകൊടുത്തു. സന്തുഷ്ടടനായ നമ്പിയാര്‍ താനുണ്ടാക്കിയ ആ വലിയ കുല രാജാവിനുതന്നെ സമര്‍പ്പിച്ചു.
നമ്പിയാരുടെ സ്ഥിരതാമസം
നമ്പിയാരുടെ നിഷ്ക്കളങ്കവും സ്നേഹപൂര്‍ണ്ണവുമായ കൂറും സ്നേഹവും അമ്മയെ സന്തുഷ്ടയാക്കി. അമ്മയുടെ നിര്‍ദ്ദേശപ്രകാരം കടത്തനാട്ടു നമ്പിയാര്‍ തന്റെ നാല് സഹോദരിമാരെയും ഉള്ളിയേരിയിലേക്ക് കൂട്ടിക്കോണ്ടുവന്നു. അവരോടോത്തുള്ള ജീവിതം അമ്മയെ സംപ്രീതയാക്കി. അമ്മയുടെ ആഗ്രഹാനുഗ്രഹങ്ങളോടെ നാല് സഹോദരികളെയും ഓരോ തറവാടുകളില്‍ താമസിപ്പിച്ചു. ഇത്തേയിഅമ്മയെ മോകേരിയിലും ചിരുതേയി അമ്മയെ അരുബയിലും മറ്റു രണ്ടുപേരെ ആപ്പടയിലും വേളിയഞ്ചെരിയിലും താമസിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം. നിലവിലുള്ള രാജവംശത്തിന്റെ ഉപാസനാമൂര്‍തിയുടെ സങ്കേതമായ ശ്രീ പരദേവതാക്ഷേത്രവും ഉപദേവനായ അയ്യപ്പന്റെ സങ്കല്‍പ്പമുള്ള ക്ഷേത്രവും നോക്കിനടത്തിക്കൊണ്ട് നമ്പിയാരാകട്ടെ, അരുമ്പയിലുള്ള നാലുകെട്ടില്‍തന്നെ താമസിക്കണം എന്നതായിരുന്നു അമ്മയുടെ ഇഷ്ടവും ആവശ്യവും.അവിടെ സ്ഥിരതാമസമാക്കിയതില്‍പ്പിന്നെ കണ്ണന്‍ നമ്പിയാര്‍ പുത്തൂര്‍ ഭവനത്തില്‍നിന്നും ഒരു നായര്‍യുവതിയെ സംബന്ധം ചെയ്യുകയായിരുന്നു. ഈ സന്തതിപരമ്പരകള്‍ പുത്രനായന്മാര്‍ എന്ന് അറിയപ്പെടുന്നു
വീരഭദ്രപ്രതിഷ്ഠ
അക്കാലത്ത്‌ നാട്ടില്‍ ഇടയ്ക്കിടെ ആഭ്യന്തരകലഹങ്ങള്‍ സാധാരണമായിരുന്നല്ലോ. ഒരിക്കല്‍ സാമൂതിരി കുറുമ്പ്രനാട് ആക്രമിച്ചപ്പോള്‍ നമ്പിയാര്‍ സാമൂതിക്കെതിരെ പട നയിച്ചു. തണ്ടാനും തന്റെ സന്തതസഹചാരിയുമായ ആണ്ടിയെയും പടക്കൊപ്പം കൂട്ടിയിരുന്നു. അന്ന്, വിഷുകഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച ദിവസം മൈക്കാവില്‍വെച്ച് നമ്പിയാര്‍ സാമൂതിരിയുടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. നമ്പിയാരുടെ വീരമൃത്യു നേരില്‍ കണ്ട ആണ്ടിക്ക് ദുഃഖം സഹിക്കാനായില്ല. അയാള്‍ അവിടെനിന്നും നമ്പിയാരുടെ ഒരു മാംസതുണ്ടം ഭയഭക്തിബഹുമാനങ്ങളോടെ കൈയിലെടുത്തു. അതൊരു പച്ചോലക്കൊട്ടയിലെടുത്ത് അരുംബയിലേക്ക് കൊണ്ടുവന്നു, തറവാടിന്റെ മുന്നിലുണ്ടായിരുന്ന പുളിമരത്തില്‍ തൂക്കിയിട്ടു. അന്ന് രാത്രിയില്‍ അതെങ്ങനെയോ താഴെ വീണുപോയി. പിറ്റേന്ന് മുറ്റമടിക്കാനെത്തിയ സ്ത്രീയ്ക്ക്  കാര്യമൊന്നും മനസ്സിലായില്ല. അത്ഭുതം!.. ആ മംസതുണ്ടം ഇടയ്ക്കിടെ തുള്ളിക്കളിക്കുന്നു!..... ഏതായാലും അവള്‍ അത് ചൂലുകൊണ്ടു അടിച്ചുവാരിക്കളയാന്‍ തീരുമാനിച്ചു. പക്ഷെ, ആ മംസപിണ്ഡത്തില്‍ ചൂല്‍ സ്പര്‍ശിച്ചതെയുള്ളൂ, അവള്‍ രക്തം ചര്‍ദ്ദിച്ചു മരിച്ചു. വിവരമറിഞ്ഞ് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും തുള്ളിക്കളിക്കുന്ന ആ മാംസപിണ്ഡം കണ്ടുനില്‍ക്കവേ അത് ഭൂമിയിലേക്ക്‌ താണുപോയി. ആ സമയത്ത് അവിടെക്കൂടിയ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ക്ക്‌ വെളിച്ചപ്പാടുണ്ടായി. അങ്ങുമിങ്ങും ഓടിനടന്നുകൊണ്ട് അയാള്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. കാര്യങ്ങള്‍ ഗ്രഹിച്ച നമ്പിയാരുടെ, അഥവാ പടനായകന്മാരുടെ, ഉപാസനാമൂര്‍ത്തിയായ വീരഭദ്രനെ പ്രതിഷ്ഠിച്ചു. നേരത്തെ മരിച്ചുപോയ അമ്മയെ മൊകേരിയിലും കുടിവെച്ചു. തുടര്‍ന്ന് ഇടവമാസത്തിലെ മകീര്യം നാളില്‍ ഇന്നും അമ്മദൈവത്തിനു പൂജകളും മറ്റും  പതിവാണ്.

വീരഭദ്രന്റെ പ്രതിഷ്ടാലയം 

നമ്പിയാരുടെ കാലശേഷം
കണ്ണന്‍ നമ്പിയാരുടെ വീരമൃത്യുശേഷം തറവാട്ടിലെ വയസ്സുമൂത്ത പുരുഷന്മാര്‍ കാരണവസ്ഥാനത്തെത്തുകയും ക്ഷേത്ര നടത്തിപ്പിന് യഥാകാലം നേതൃത്വം നല്‍കുകയും ചെയ്തു. ക്ഷേത്രത്തിലെ നിത്യപൂജകളടക്കമുള്ള എല്ലാ ചടങ്ങുകള്‍ക്കും അവര്‍ നായകത്വവും നേതൃത്വവു  നല്‍കി. ഇന്നും ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകള്‍ക്കും നായകത്വം അരുമ്പയിലും മൊകേരിയിലുമുള്ള കാരണവര്‍ക്കുതന്നെയാണ്.ക്ഷേത്രത്തിന്റെ നവീകരണം കാര്യമായി നടന്നത് ആയിരത്തിതൊള്ളായിരത്തിയേഴില്‍ മൊകേരി കൃഷ്ണന്‍ നമ്പിയാര്‍ ‍കാരണവര്‍ സ്ഥാനത്തെത്തിയതോടെയാണ്. അന്ന് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തന്ത്രികമായ നേതൃത്വം നല്‍കിയത് കക്കാടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിപ്പാടായിരുന്നു. അക്കാലത്ത് വീരഭദ്രനു ക്ഷേത്രം പണിയുകയും വീരഭദ്രപ്രതിഷ്ഠയും നടന്നു. പരദേവതാക്ഷേത്രത്തിനുവേണ്ടി വലിയ ഒരു കുളം കുഴിച്ചത് കൃഷ്ണന്‍ നമ്പിയാര്‍‍ക്കു ഒരു ആണ്‍കുഞ്ഞു പിറന്നതിന്റെ വഴിപാടായി തിരുവിതാംകൂര്‍ കൊല്ലത്തെ മാപ്പിളമാരാണ്. കൃഷ്ണന്‍  നമ്പിയാര്‍‍ മരിച്ചത് കല്ലറക്കോട്ടു ആണ്ടിയുടെ ഒളിഞ്ഞിരുന്നുള്ള കുത്തേറ്റുകൊണ്ടാണ്. പിന്നീട് മൊകേരി ശങ്കരന്‍ നമ്പിയാര്‍, കണ്ണച്ചകണ്ടി കുഞ്ഞുണ്ണി നമ്പിയാര്‍‍, പൊയില്‍ രാമന്‍ നമ്പിയാര്‍, നൊരമ്പാട്ടു  നാരായണന്‍ നമ്പിയാര്‍, കാരാടങ്കണ്ടി അപ്പുണ്ണി നമ്പിയാര്‍, കക്കാട്ട് ഗോവിന്ദന്‍ നമ്പിയാര്‍, വടക്കയില്‍ ഗോപാലന്‍ നമ്പിയാര്‍, മേലെ അരുമ്പയില്‍ ഗോപി നമ്പിയാര്‍ എന്നിവര്‍ അനുക്രമം കാരണവസ്ഥാനം അലങ്കരിച്ചു. ഏ. ഡി 2000 മുതല്‍ കിഴക്കയില്‍മീത്തല്‍ ചാത്തുക്കുട്ടി നമ്പിയാര്‍ കാരണവരാണ്.
ഇപ്പോഴത്തെ പ്രവര്‍ത്തകസമിതി
കാരണവര്‍
കിഴക്കയില്‍ മീത്തല്‍ ചാത്തുക്കുട്ടി നമ്പിയാര്‍
പ്രസിഡണ്ട്‌
മൊകേരി അച്യുതന്‍ നമ്പിയാര്‍
വൈസ് പ്രസിഡണ്ട്‌
 പോയ്യേരി ദാമോദരന്‍  നമ്പിയാര്‍
ജനറല്‍ സെക്രട്ടറി
 പൊയില്‍ ശ്രീധരന്‍ നമ്പിയാര്‍
സെക്രട്ടറി
 നമ്ബ്യാറത്ത് ശ്രീധരന്‍ നമ്പിയാര്‍
ട്രഷറര്‍
 ചെറിയ അരുംബയില്‍ കൃഷ്ണന്‍ നമ്പിയാര്‍
തന്ത്രവും ശാന്തിയും
കുറുമ്പ്രനാട്ടു രാജാവിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ തന്ത്രികാചാര്യസ്ഥാനം അലങ്കരിക്കുന്നതിന്‌  ആളില്ലാതായപ്പോള മലപ്പുറം ജില്ലയിലെ ശുകപുരം ഗ്രാമത്തിലെ പാരമ്പര്യതന്ത്രിമാരായ കക്കാട്ടില്ലത്ത് നമ്പൂതിരിമാരെ കൂട്ടിക്കൊണ്ടുവന്നു കുറുമ്പ്രനാട്ടുദേശത്തെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും തന്ത്രികസ്ഥാനം നല്‍കി. തുടര്‍ന്ന് അരിമ്പയില്‍ ക്ഷേത്രത്തിന്റെ തന്ത്രികസ്ഥാനവും കക്കാട്ടില്ലത്തുകാര്‍ക്കായി. നാരായണന്‍ നമ്പൂതിരി, പുരുഷോത്തമന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരെല്ലാം ഇവിടെ താന്ത്രികസ്ഥാനം അലങ്കരിച്ചവരാണ്. 1990 കളില്‍ നടന്ന പരദേവതയുടെയും ഉപദേവനായ അയ്യപ്പന്റെയും വീരഭദ്രന്റെയും പുനപ്രതിഷ്ഠ കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലായിരുന്നു. എന്നാല്‍ അത്തരമൊരു സ്ഥിരം സംവിധാനം മേല്‍ശാന്തിമാരുടെ സ്ഥാനത്തിനു ഉണ്ടായിരുന്നില്ല. തോട്ടപ്പുറത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, കുളങ്ങര ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചാവടത്തില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി എന്നിവരെല്ലാം ഇവിടെ മേല്‍ശാന്തിമാരായി കഴിഞ്ഞവരാണ്. ഇപ്പോഴത്തെ മേല്‍ശാന്തി, കുഴുവിലില്ലത്ത് രാമനാരായണന്‍ നമ്പൂതിരിയാണ്.
നാഗം കാട്ടിയ വഴികളിലൂടെ
 മുമ്പ് ഈ ക്ഷേത്രത്തില്‍ ആഘോഷപൂര്‍വ്വം നടത്തിയിരുന്ന ഒരു ചടങ്ങായിരുന്നു താലികെട്ട് കല്യാണം. പെണ്‍കുട്ടികള്‍ക്ക് 12 വയസ്സ് തികയുന്നതിനുമുമ്പ്, രക്ഷിതാക്കള്‍ ഒരു സ്വര്‍ണ്ണത്താലി, ക്ഷേത്രതന്ത്രിയെക്കൊണ്ട് ദേവന് പൂജിച്ചശേഷം അവരുടെ കഴുത്തില്‍ ചാര്‍ത്തിക്കുന്ന ചടങ്ങാണ് താലികെട്ട് കല്യാണം. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയുമുണ്ടാകും. ഒരു താലികെട്ട് ദിവസം പാചകപ്പുരയിലെ ചോറ്റുപാത്രങ്ങളില്‍ ചേരകള്‍ ഇഴയുന്നതായി വെപ്പുകാര്‍ക്ക് തോന്നിയത്രേ!അപ്പോള്‍ കൂട്ടത്തിലൊരാള്‍ക്ക്  വെളിച്ചപ്പാടുണ്ടായി. അയാള്‍ ഉറഞ്ഞുതുള്ളുകയും എന്തൊക്കെയോ മൊഴിയുകയുമുണ്ടായി. പിന്നെ ചോറ്റുപാത്രത്തില്‍നിന്നും ഒരു കുരുത്തോലയെടുത്ത് ഉയര്‍ത്തിക്കാണിക്കുകയും പുത്രനായന്മാരെ വെയ്പ്പിനു നിയോഗിച്ചത് അരുംബയില്‍ ദേവന് ഇഷ്ടപ്പെടാഞ്ഞതാണ് അങ്ങനെ തോന്നാന്‍ കാരണമെന്നും അരുളപ്പാടുണ്ടായത്രേ. മറ്റൊരിക്കല്‍നടപ്പ് ദീനംവന്ന്‍ താവഴിക്കാര്‍ മരിക്കുകയും അന്നത്തെ കാറണവരായ രാമന്‍ നമ്പിയാരുടെ കവിളില്‍ വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടുകയുമുണ്ടായി. ഈ അവസരത്തില്‍ പ്രസിദ്ധ ജ്യോതിഷപണ്ഡിതനായ ഇരിങ്ങല്‍ കൃഷ്ണപണിക്കരുടെ നേതൃത്വത്തില്‍ ഒരു ദേവപ്രശ്നം നടത്തുകയും ചെയ്തപ്പോള്‍ നാഗകോപമാണ് അതിനു കാരണമെന്ന് കണ്ടെത്തി. തുടര്‍ന്നാണത്രെ, പൊയില്‍പറമ്പില്‍ ഏഴു സെന്റ്‌ സ്ഥലത്ത് ബ്രഹ്മശ്രീ: മേക്കാട് നമ്പൂതിരിപ്പാടിനെ കൊണ്ടുവന്ന്‍ നാഗപ്രതിഷ്ഠ നടത്തിയതും ആണ്ടുതോറും നാഗങ്ങള്‍ക്ക്‌ "കൊടുക്ക" നടത്തുന്നതും. ഏതായാലും രാമന്‍ നമ്പിയാരുടെ കവിളിലുള്ള വെള്ളപ്പാണ്ട് പിന്നെ വര്‍ദ്ധിച്ചിട്ടില്ല.
ക്ഷേത്രം: ഭരണവും അവകാശികളും
മൊകേരിയിലും അരിമ്പയിയിലും ഉള്‍പ്പെടുന്ന താവഴികളില്‍ പ്രായംകൊണ്ട് മൂപ്പെത്തിനില്‍ക്കുന്ന പുരുഷന്മാര്‍ക്കാണ് എക്കാലത്തും കാരണവസ്ഥാനം. അരുമ്പയില്‍ പറമ്പില്‍നിന്നും കിട്ടുന്ന ആദായവും ഈ തറവാട്ടിലേക്ക് കുടിയാന്‍കൈവശമുള്ള ഭൂമിയില്‍നിന്ന് കിട്ടിക്കൊണ്ടിരുന്ന പാട്ടവുമായിരുന്നു മുമ്പ് ക്ഷേത്രപരിപാലനത്തിനുള്ള വരുമാനമാര്‍ഗ്ഗം. എന്നാല്‍ 1971ലെ ഭൂപരിഷ്ക്കരണനിയമം നടപ്പായതോടെ ക്ഷേത്രത്തിലേക്കുള്ള പാട്ടവരവ് പൂര്‍ണ്ണമായും സ്തംഭിക്കുകയായിരുന്നു. തന്മൂലം ക്ഷേത്രനടത്തിപ്പിന് സാമ്പത്തികപ്രയാസം അനുഭവപ്പെട്ടുതുടങ്ങി. ഇക്കാര്യത്തില്‍ കാരണവര്‍ക്ക്‌ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിനുവേണ്ടി പില്‍ക്കാലത്ത് ഒരു കമ്മറ്റി രൂപീകരിക്കാനായിരുന്നു. കൂട്ടായ തീരുമാനം. തുരുത്തിയില്‍ അച്യുതന്‍ നായരായിരുന്നു കമ്മറ്റിയുടെ ആദ്യത്ത പ്രസിഡണ്ട്‌. മക്കള്‍-മരുമക്കള്‍ താവഴികളിലേക്കായി ഭൂമി പ്രത്യേകം പ്രത്യേകം ജന്മമായി നല്‍കിയിട്ടുണ്ട്. ക്ഷേത്രതിന്റെതായ ചടങ്ങുകളും അനുഷ്ടാനങ്ങളും നിര്‍വഹിക്കപ്പെടുന്നതിനായി അവകാശങ്ങളും അധികാരങ്ങളുമുള്ള ചിലരുണ്ട്. ആശാരി, മൂശാരി, തട്ടാന്‍, കൊല്ലന്‍, മുന്നൂറ്റന്‍, തണ്ടാന്‍, മാരാര്‍, കുറുപ്പ് എന്നിങ്ങനെയുള്ളവര്‍. അവരുടെ താമസത്തിനും ജീവിതമാര്‍ഗ്ഗത്തിനുംവേണ്ടി മുമ്പ് അവര്‍ക്കും ഭൂമി നല്‍കിയിട്ടുണ്ട്. ഇപ്പോഴും ക്ഷേത്രത്തിലെ അടിയന്തരങ്ങളും മറ്റും നടത്തിവരുന്നത് ആ പരമ്പരയില്‍ ഉള്‍പ്പെടുന്നവരാണ്.
കോമരം: പുത്രനായന്മാര്‍ക്കാണ് ഈ ക്ഷേത്രത്തിലെ കോമരത്തിന്റെ അവകാശം.
കഴകം: കഴകത്തിന്റെ അവകാശികള്‍ തായാട്ട് കുടുംബക്കാരാണ്.
കെട്ടിയാട്ടം: ഇവിടെ മുന്നൂറ്റന്‍ സമുടായക്കര്‍ക്കാണ്  തെയ്യം കേട്ടിയാട്ടത്തിന്റെ അവകാശം.
കലശമെഴുന്നള്ളിപ്പ് : ക്ഷേത്രോത്സവങ്ങളില്‍ കലശമെഴുന്നള്ളിക്കുന്നതിനുള്ള അവകാശം തണ്ടാന്മാര്‍ക്കാണ്.  
ക്ഷേത്രവിശേഷങ്ങള്‍
ഈ ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നവയാണ് ഇവിടെ നടക്കുന്ന ഉത്സവങ്ങളും ചില വിശേഷപ്പെട്ട ആചാരങ്ങളും. എല്ലാറ്റിനുമുണ്ട് വിവിധങ്ങളായ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും പിന്‍ബലം. പ്രധാനവിശേഷങ്ങള്‍ ഇവയാണ്:
വെള്ളാട്ട് നട്ടത്തിറ
 വീരഭാദ്രനുവേണ്ടിയുള്ള ഈ തിറ പുത്തരിവെള്ളാട്ട് എന്നും അറിയപ്പെടുന്നു. കാലത്ത് ഭദ്രദീപം തെളിയിച്ച്‌ നാക്കിലയില്‍ നാഴിയും നിറയും വെച്ച് മുന്നൂറ്റന്‍ വന്ന് എടുപ്പ് തക്കുന്നതോടെ ഇതിന്റെ ആരംഭമായി. എടുപ്പ് തക്കല്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കും. തുടര്‍ന്ന് മുന്നൂറ്റന്‍ അണിഞ്ഞൊരുങ്ങി അനിയറയിലെത്തുമ്പോള്‍ മേല്‍ശാന്തി ഒരുകിണ്ടി വെള്ളവും, അരിയും തേങ്ങയും വെച്ച നാക്കിലയും അറിത്തറയില്‍ വെക്കും. തുടര്‍ന്ന് കാരണവര്‍ പട്ടും വളയും കൊടുക്കുന്നതോടെ കെട്ടിയാട്ടം തുടങ്ങും. പിന്നെ ഒരു വാളും ആ കൈകളിലേക്ക് നല്‍കും. വെള്ളാട്ടിന്റെ അവസാനം കാറനവര്‍ക്കും അവകാസികള്‍ക്കും വെറ്റില കൊടുക്കുന്ന പതിവുമുണ്ട്. അതിനുശേഷം വാളും പട്ടും വളയും കാരനവര്‍ക്കുതന്നെ തിരിച്ചെടുക്കാനായി പീടത്തില്‍ വെക്കും. പരദേതക്കുള്ള കെട്ടിയാട്ടത്തെ നട്ടത്തിറ എന്ന് പറയും. വീരഭദ്രനുള്ള തിറയ്ക്ക് വാളാണ് ഉപയോഗിക്കുന്നതെങ്കില്‍, പരദേവതയ്ക്കുള്ള തിറയ്ക്ക് ഉപയോഗിക്കുന്നത് കുന്തവും പരിചയും അമ്പും വില്ലുമാണ്‌ എന്നതൊഴിച്ചാല്‍ ഈ രണ്ടു തിറകളും തമ്മില്‍ മറ്റു കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല.

പുത്തരിവെള്ളാട്ട് 
മകരമാസത്തിലെ വിളവെടുപ്പിനു ശേഷം അത് ഭഗവത്സമക്ഷം സമര്‍പ്പിക്കുന്ന ചടങ്ങാണ് പുത്തരിവെള്ളാട്ട് . ഇത് നേരത്തെ നിശ്ചയിച്ചു നടത്തുന്ന ഒരു ചടങ്ങാണ്. കന്നിമാസത്തില്‍ നടത്തുന്ന വെള്ളാട്ടിന്  സമാനമായതാണ്  പുത്തരി വെള്ളാട്ടിന്റെ ചടങ്ങുകള്‍.

മകരത്തിലെ പുത്തരി വെള്ളാട്ട് തിറയുടെ ഒരു വീഡിയോ ദൃശ്യം

നവരാത്രി
നവരാത്രിമാഹോത്സവം ഇവിടെ സജീവമാണ്. പ്രഥമ മുതലുള്ള ഒമ്പതുദിവസവും ഇവിടെ നവരാത്രിയോടനുബന്ധിച്ചുള്ള വിശേഷാല്‍ പൂജകള്‍ നടക്കുന്നു. ദുര്‍ഗ്ഗാഷ്ടമി നാളില്‍ തുടങ്ങുന്ന ഗ്രന്ഥപൂജയും മറ്റും ദശമിയോടെ അവസാനിക്കുന്നു. നാട്ടുകാരും ഭക്തജനങ്ങളും വിദ്യാരംഭം കുറിക്കുന്നത് ഇവിടെവെച്ചാണ്. എത്രയോ കുട്ടികള്‍ ഓരോ വര്‍ഷവും ഇവിടെ അറിവിന്റെ ഹരിശ്രീ കുറിക്കുന്നതിനുവേണ്ടി എത്തിച്ചേരുന്നുണ്ട്. സാഹിത്യം, നൃത്തം എന്നിവയുടെ അരങ്ങേറ്റത്തിനും ഈ സന്നിധാനം ശ്രേഷ്ഠമാണ്.
മണ്ഡലപൂജ
എല്ലാ വര്‍ഷവും വൃശ്ചികം ഒന്ന് മുതലുള്ള നാല്പത്തൊന്നു ദിവസക്കാലം മണ്ഡലവ്രതത്തിന്റെ കാലമാണല്ലൊ. ഈ നാളുകളത്രയും ഈ ക്ഷേത്രത്തില്‍ ശാസ്ഥാവിനു വിശേഷപൂജകള്‍ നടത്തുക പതിവാണ്. അയ്യപ്പഭക്തന്മാര്‍ ഈ തിരുസന്നിധിയിലെത്തി വ്രതം ആരംഭിക്കുന്നതും മാല പൂജിച്ചണിയുന്നതും പതിവാണ്.  
തിറ മഹോത്സവം
ഈ ക്ഷേത്രത്തിലെ തിറമഹോത്സവം ശ്രദ്ധെയമാണ്. അന്ന്ടുതോറും മകരത്തിലെ 24,25 തീയതികളില്‍ നടക്കുന്ന തിറയ്ക്ക് കാഴ്ചക്കാര്‍ നിരവധിയായിരിക്കും. ഗണപതിഹോമത്തോടെയാണ് തിറയുടെ തുടക്കം. രാവില എട്ടുമണിയ്ക്കുതന്നെ നിലവിളക്ക് കൊളുത്തി നാകിലയില്‍ നാഴി നിറച്ചു മുന്നൂറ്റന്‍ എടുപ്പ് തക്കാന്‍ തുടങ്ങും. വാദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. തിറയ്ക്ക് ആവശ്യമായ നാളികേരം, ഇളനീര്‍, കുരുത്തോല, കവുങ്ങിന്‍ പൂക്കുല, പച്ചപ്പല എന്നിവയെല്ലാം ശേഖരിച്ചുവെയ്ക്കുന്നത് തണ്ടാന്റെ ഉത്തരവാദിത്തമാണ്. ചൂട്ടു കെട്ടുന്ന ജോലി തണ്ടാന്‍ സ്ത്രീകളുടെതാണ്. ഇവര്‍ക്കെല്ലാംവേണ്ട ഭക്ഷണചെലവിനു കാരണവര്‍ നെല്ല് അളന്നുകൊടുക്കും. ക്ഷേത്രത്തില്‍ ഈ ദിവസങ്ങളില്‍ ഉഷ:പൂജ, ഉച്ചപ്പൂജ, ദീപാരാധന എന്നിവയ്ക്ക്പുറമേ രാത്രി എട്ടു മണിയ്ക്ക് വെള്ളാട്ടുമുണ്ടാകും. രാത്രിപന്തണ്ട് മണിയ്ക്ക് തണ്ടാന്‍ എടുക്കുന്ന കലശത്തിനനുസരിച്ച് "വിളക്കുമാടം കുത്തുക" എന്ന ചടങ്ങുമുണ്ടാകും.     
ജാതിമതവര്‍ഗ്ഗവ്യത്യസള്‍ക്കതീതമായി അനേകം ആളുക്കള്‍ ഇതില്‍ പങ്കെടുക്കാനെത്തുന്നുവന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. ദേവപ്രീതിക്കായി വ്രതശുദ്ധിയോടെ തൊഴുതുനമസ്ക്കരിക്കാനെത്തുന്ന കുടുംബക്കാര്‍ക്ക് ഈ ദിവസം ഇതൊരു കുടുംബസംഗമം കൂടിയാണ്. അന്ന് വൈകുന്നേരം ഭഗവതി വയലില്‍ നിന്നും കലശം എഴുന്നള്ളിച്ച്, സന്ധ്യയോടെ ക്ഷേത്രത്തിലെത്തിച്ചേരുന്നു. വെളിയഞ്ചേരി കാരണവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ എഴുന്നള്ളിപ്പിനു ആര്‍പ്പുവിളിയും കോമരവും തായമ്പകയും താലപ്പൊലിയും ആശാരി-മൂശാരി-തട്ടാന്‍-കൊല്ലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിചമുട്ടുകളിയും അകമ്പടിസേവിക്കാനുണ്ടാകും. കലശം എടുത്തെഴുനള്ളിക്കുന്നത് തണ്ടാന്മാരാണ്. കലശം രണ്ടുതരമാണ് -കരിങ്കലശവും, പൂക്കലശവും. കവുങ്ങിന്‍ പൂക്കുലകള്‍കൊണ്ട് അലംകൃതമായ പൂക്കലശം എടുക്കുന്നത് കൂട്ടത്തിലെ പ്രധാന തണ്ടാനായിരിക്കും. മുന്നൂറ്റന്മാര്‍ അണിഞ്ഞുകെട്ടി കലശത്തോടോപ്പംതന്നെ ഉണ്ടാകും. തറവാട്ടിലെത്തുന്ന എഴുന്നള്ളിപ്പിന് നിലവിളക്ക് തെളിയിച്ചു അവിടെയുള്ള മരുമക്കളെല്ലാവരും കൂടി വരവേല്പ് നല്‍കുന്നു. തുടര്‍ന്ന് പരദേവതയുടെ തിരുമുറ്റത്ത് തിറ തുടങ്ങുകയായി. അതിനുശേഷം നേര്‍ച്ചത്തിറയുടെ ഊഴമാണ്. പിറ്റേന്നു കാലത്ത് 4 മണിയ്ക്കുള്ള തിറയുടെ അവസാനത്തില്‍ കാരണവര്‍ ദക്ഷിണ നല്‍കുന്നതോടെ തിറയ്ക്ക് ഏതാണ്ട് വിരാമമായി. മുന്നൂറ്റന്മാര്‍ അവരുടെ വീട്ടിലെത്തി അവിടെയും തിറ നടത്തിയശേഷം മാത്രമേ ഈ തിറമഹോത്സവം പൂര്‍ണ്ണമായും അവസാനിക്കുന്നുള്ളൂ.
നാഗക്കൊടുക്ക
അരുമ്പയില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട നാഗക്കാവിന്റെ സ്ഥാനം പൊയില്‍ പറമ്പിലാണ്. ഏഴു സെന്റാണ് ഇതിന്റെ വിസ്തീര്‍ണം. ഇവിടെയാണ്‌ കുംഭമാസത്തിലെ ആയില്യംനാളില്‍ ആണ്ടുതോറും നാഗക്കൊടുക്ക നടത്തുന്നത്. നാഗപ്രീതിയും കുടുംബത്തിന്റെയും പ്രദേശത്തിന്റെയും സര്‍വതോമുഖമായ ഐശ്വര്യമാണ് ക്ഷേത്രം മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ നാഗപൂജയുടെ ലക്ഷ്യം. പന്ത്രണ്ടുനാഴി അരിയുടെ പായസം, പതിനഞ്ചുനാഴി അരിയുടെ വെള്ളനിവേദ്യം, അഞ്ചുനാഴി അരിയുടെ ഒറ്റ, പാല്‍പ്പായസം, ഇളനീര്‍, മലര്‍, പഞ്ചഗവ്യം എന്നിവയെല്ലാമാണ് നിവേദ്യം.
തേങ്ങയേറും കളമെഴുത്തുപാട്ടും
പരദേവതയുടെ ഏറ്റവും പ്രധാന വഴിപാടായ തേങ്ങയേറും പാട്ടും നടക്കുന്നത് ആണ്ടുതോറും മീനമാസത്തിലാണ്. പതിവ് പൂജകള്‍ക്കു പുറമേ മറ്റു വിശേഷാല്‍ പൂജകളും ഇതോടനുബന്ധിച്ച് ഉണ്ടാകും. ഇതിനു നായകത്വം വഹിക്കുന്നത് വള്ളിവട്ടം ശങ്കരന്‍ നമ്പൂതിരിപ്പാടാണ്.       
വിഷുത്തിറ
ആദ്യ വിഷുനാളില്‍ സന്ധ്യക്ക് ദീപാരാധനയ്ക്കുശേഷം വെടിമാരുന്നുപ്രയോഗം ഇവിടെ പതിവാണ്. തുടര്‍ന്ന് രാത്രി പന്ത്രണ്ടു മണിയ്ക്ക് നടത്തുന്ന തിറയാണ് വിഷുത്തിറ എന്നറിയപ്പെടുന്നത്. വിഷുത്തിറയ്ക്കാവശ്യമായ ചെലുവുകള്‍ വഹിക്കുന്നത് താവഴിക്കരാണ്.
വിഷുക്കണി
വിഷുദിവസം കാലത്ത് നാല് മണിക്കുതന്നെ കണിയൊരുക്കുന്ന പതിവ് ഈ ക്ഷേത്രത്തില്‍ പണ്ടുപണ്ടേയുള്ളതാണ്. ഈ പ്രദേശങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കിയ പഴവര്‍ഗ്ഗങ്ങളും ധാന്യവിളകളും എല്ലാമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ ക്ഷേത്രത്തിലെ കണി കാണുന്നത് സര്‍വൈശ്വര്യപ്രദമാണെന്നാണ് ജനവിശ്വാസം. കണികാണാനെത്തുന്നവര്‍ക്ക് കാരണവര്‍ കൈനീട്ടം കൊടുക്കുന്നു   
തറപ്പിച്ച വെള്ളാട്ട്
ഓരോ വര്‍ഷവും വിഷു കഴിഞ്ഞുവരുന്ന ആദ്യ വെള്ളിയാഴ്ച നടത്തുന്ന ഈ ചടങ്ങ് സാമൂതിരിയുമായുള്ള ഏറ്റുമുട്ടലില്‍ കണ്ണന്‍ നമ്പിയാര്‍ വീരമൃത്യു വരിച്ചതിന്റെ ഓര്‍മ്മയിലാണ്. അരിഭക്ഷണം കഴിക്കാതെ കുടുംബക്കാരെല്ലാവരും അന്നേദിവസം വ്രതശുദ്ധിയിലായിരിക്കും. കാലത്ത് എട്ടു മണിയ്ക്ക് നിലവിളക്ക് തെളിയിച്ച് നാഴിനിറച്ചുവെച്ച് എടുപ്പ് ന്നു. തുടര്‍ന്ന് കൊല്ലന്മാര്‍ മൂര്‍ച്ചകൂട്ടി പൂജിച്ചെടുത്ത വാള്‍ ദക്ഷിണകൊടുത്തുകൊണ്ട് മുന്നൂറ്റന്‍ ഏറ്റുവാങ്ങുന്നു. ഈ വാളുമെടുത്താണ് മുന്നൂറ്റന്‍ യുദ്ധത്തിന്റെ പ്രതീതിയില്‍ കെട്ടിയാടുന്നത്. മേല്‍ശാന്തി കിണ്ടിയില്‍ വെള്ളവും നിറനാഴിയും തേങ്ങയും അരിത്തറയില്‍ വെയ്ക്കുന്നതോടെ വെള്ളാട്ട് തുടങ്ങുകയായി. വാളുകൊണ്ട് വെട്ടിയും പരിച്ചകൊണ്ട് തടഞ്ഞും പിന്നീട് മുന്നൂറ്റന്റെ ആട്ടമാണ്. കാരണവര്‍ക്കും അവകാശികള്‍ക്കും വെറ്റില കൊടുക്കുന്നതോടെ ഈ ചടങ്ങ് അവസാനിക്കുന്നു. ഈ ചടങ്ങിന്റെ ചെലവുകള്‍ ഇന്നും പൂര്‍ണ്ണമായി വഹിക്കുന്നത് ഇവിടെയുള്ള ചാലില്‍ കുടുംബക്കാരാണ്. വെള്ളാട്ടിനുശേഷം തുടര്‍ച്ചയായ നാല്‍പ്പത്തൊന്നു ദിവസം ക്ഷേത്രത്തില്‍ വിശേഷാല്‍ പരിപാടികളൊന്നും നടത്താറില്ല.    
ഗുരുതി
തറപ്പിച്ച വെള്ളാട്ടിനുശേഷം നാല്പത്തിയൊന്നു ദിവസം കഴിഞ്ഞ് നടത്തുന്ന ഗുരുതിതര്‍പ്പണം എന്ന ചടങ്ങ് ഇടവമാസത്തിലെ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്. വീരഭദ്രക്ഷേത്രത്തില്‍ ഉപദേവതാസ്വഭാവമുള്ള ഒമ്പത് കളരിദൈവങ്ങള്‍ക്കാണ് ഗുരുതിതര്‍പ്പണം നടത്തുന്നത്. അതോടൊപ്പം പടനായകനായ കണ്ണന്‍ നമ്പിയാരെ ഗുരുസ്ഥാനത്ത് സങ്കല്‍പ്പിച്ചുകൊണ്ട്‌ പടിഞ്ഞാറ്റത്തറയിലും ചടങ്ങുകളുണ്ട്‌. വെള്ളരിയും അപ്പവുമാണ് ഇവര്‍ക്കുള്ള നിവേദ്യം. തുടര്‍ന്ന് അവിലും മലരും അപ്പവും പഴവും നിവേദിച്ചശേഷം അത് പ്രസാദമായി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ഈ പ്രദേശങ്ങളിലുള്ള വീടുകളില്‍ പരേതാത്മാക്കള്‍ക്ക് ആണ്ടുതോറും പ്രത്യേകം പ്രത്യേകം കൊടുക്ക നടത്തുന്ന പതിവ് എവിടെയുമില്ല. ഗുരുതിതര്‍പ്പണം നടക്കുന്നത് ബ്രഹ്മശ്രീ: കക്കാട്ടില്ലത്ത് ദയാനന്ദന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ്. 
രാമായണമാസാചരണം
      ക്ഷേത്രത്തില്‍ രാമായണമാസാചരണം വളരെ പ്രാധാന്യമുള്ളതാണ്. സാധാരണ പൂജകള്‍ക്ക് പുറമേ, നിത്യവും രാമായണപാരായണം, ഈശ്വരസേവ എന്നിവയും ഇവിടെ പതിവാണ്.
അരുമ്പയില്‍ ക്ഷേത്രത്തില്‍ നടത്തുന്ന ഈശ്വരസേവയുടെ ദൃശ്യം

തിരുവോണപ്പൂക്കളം
 ചിങ്ങത്തിലെ അത്തം മുതല്‍ തിരുവോണംവരെയുള്ള പത്തു ദിവസവും വീരഭദ്രന്റെ തിരുമുമ്പില്‍ മുറ്റത്ത് പൂക്കളമിടുന്നത് ഈ ക്ഷേത്രത്തില്‍ പണ്ട് മുതലേയുണ്ടായിരുന്ന ഒരു ആചാരമാണ്. തിരുവോണത്തിനു വിശേഷാല്‍ പൂജകളും അതോടനുബന്ധിച്ച് പതിവാണ്. 
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
അരിമ്പയില്‍ ശ്രീ പരദേവതാക്ഷേത്രത്തില്‍ നിത്യപൂജ നടക്കുന്നത് രാവിലെ ആറു മണി മുതല്‍ ആറു മണിവരെയുള്ള കാലയളവിലാണ്. ശനിയാഴ്ചതോറും വൈകുന്നേരം ദീപാരാധനയും പതിവുണ്ട്. പ്രധാന വഴിപാടുകള്‍ താഴെ രേഖപ്പെടുത്തുന്നവയാണ്.
ഗണപതിഹോമം
നിത്യപൂജ, തൃകാലപൂജ, പുഷ്പാഞ്ജലി
പായസം, നെയ്പ്പായസം, പാല്‍പ്പായസം
തൃമധുരം, വെള്ളനിവേദ്യം
ചോറൂണ്‍, വിദ്യാരംഭം
സ്വയംവര പുഷ്പ്പാഞ്ജലി
ദീപാരാധന, ചുറ്റുവിളക്ക്, വിളക്കുമാല
വെള്ളാട്ട്, തിറ, വെള്ളാട്ട് നട്ടത്തിറ
ഈശ്വരസേവ
തേങ്ങയേറും കളമെഴുത്തുപാട്ടും
കെട്ടുനിറ
 (ഈ ബ്ലോഗ്‌ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണ്. എഡിറ്റിംഗ്  തുടരുകയാണ്)